08 October, 2025 12:29:30 PM
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയുൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

തലശ്ശേരി: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊടി സുനി അടക്കമുള്ള 16 പ്രതികളെയും വെറുതെ വിട്ടു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്(28), ഷിനോജ്(29) എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ ജോസാണ് വിധി പറഞ്ഞത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി നാലാം പ്രതിയുമായിരുന്നു. കേസില്‍ പതിനാറ് പ്രതികളാണുള്ളത്.