07 October, 2025 12:35:25 PM


അവൾ മുസ്‌ലിമാണ്, ഞാന്‍ ചികിത്സിക്കില്ല; യുപിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍. സെപ്റ്റംബര്‍ 30നാണ് സംഭവം. ജില്ലാ വനിതാ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതായിരുന്നു ശമ പര്‍വീന്‍. പര്‍വീനെ ചികിത്സിക്കാന്‍ ഭര്‍ത്താവ് മുഹമ്മദ് നവാസ് അഭ്യര്‍ത്ഥിച്ചെങ്കിലും വനിതാ ഡോക്ടര്‍ നിഷേധിക്കുകയായിരുന്നു.

'അവളെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുവരരുത്. അവള്‍ മുസ്‌ലിമാണ്. ഞാന്‍ അവളെ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ', എന്ന് ഡോക്ടര്‍ പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ട കാര്യം പറയുന്ന ശമ പര്‍വീന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.

'മതമേതാണെന്ന് ചോദിച്ചതിന് ശേഷം ദൈവത്തിന്റെ രൂപമായി കണക്കാക്കുന്ന ഡോക്ടര്‍ ചികിത്സ നിഷേധിച്ചു. യുപിയിലെ ജോണ്‍പുരിലാണ് ഈ സംഭവം. യോഗിയുടെയും മോദിയുടെയും സ്വപ്‌നത്തിലുള്ള പുതിയ ഇന്ത്യയിതാണ്', അദ്ദേഹം കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ ജോണ്‍പുര്‍ ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഡോക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം പെരുമാറ്റം വച്ച്പുലര്‍ത്തില്ലെന്നും ഒരു ഡോക്ടര്‍ മതം നോക്കി രോഗിയുടെ ചികിത്സ നിഷേധിക്കരുതെന്നും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K