04 October, 2025 03:40:35 PM


കടലില്‍ ചാടിയ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു



കാസര്‍ഗോഡ്: കടലില്‍ ചാടി മരിച്ച യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതിവെച്ച ശേഷം പ്രണവ് (33) കടലില്‍ ചാടിയത്. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു കെ ജയപ്രകാശിന്റെ മകനും എഞ്ചിനീയറുമായിരുന്നു പ്രണവ്.

ഇന്ന് രാവിലെ 11.30-ഓടെയാണ് തൃക്കണ്ണാട് കടലില്‍ പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണവിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. പ്രണവിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബാംഗ്ലൂരിലെ പ്രമുഖ ഐ ടി കമ്പനിയിലെ എഞ്ചിനീയറായിരുന്നു പ്രണവ്. പ്രണവ് മാസങ്ങളായി വര്‍ക്ക് അറ്റ് ഹോം ആയി വീട്ടിലായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതലാണ് പ്രണവിനെ കാണാതായത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് പിതാവ് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രണവിന്റെ മൊബൈല്‍ ഫോണും ചെരുപ്പും ആത്മഹത്യാക്കുറിപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കണ്ടെത്തിയിരുന്നു. അതിനിടയിലാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K