01 October, 2025 09:49:32 AM
വയനാട് ചീരാലില്‍ സ്വൈര്യം കെടുത്തിയ പുലി കുടുങ്ങി

വയനാട് ചീരാലിൽ ദിവസങ്ങളായി ജനങ്ങളുടെ സ്വൈര്യം കെടുത്തിയ പുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാല് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇന്നലെ പുലർച്ചെ ചീരാല്‍ ടൗണിൽ പുലിയെത്തിയിരുന്നു. ചീരാല്‍ മേഖലയില്‍ മാസങ്ങളായി പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയെ കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
തിങ്കൾ പുലര്‍ച്ചെ നാലോടെയാണ് ടൗണിനോട് ചേര്‍ന്നുള്ള പുളിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. ലൈറ്റിട്ടപ്പോള്‍ പുലി ഓടിമറഞ്ഞെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തുകയും കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പുലിയുടെ ആക്രമണത്തിൽ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് നിരന്തരം ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.
ചീരാലിൽ കരടിയുടെയും സാന്നിധ്യമുണ്ടായിരുന്നു. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ പിടികൂടാനായിട്ടില്ല. ഒരു പുലിയെ നമ്പ്യാര്‍കുന്ന് ഭാഗത്തു നിന്ന് മുന്‍പ് പിടികൂടിയിരുന്നു. പക്ഷേ പിന്നീടും പലയിടങ്ങളിലും പുലിയുടെ സാന്നിധ്യവും ആക്രമണവുമുണ്ടായി. ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതാണ് പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങൾ പ്രദേശത്ത് താവളമാക്കുന്നതെന്ന് നാട്ടുകാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.