29 September, 2025 03:54:41 PM
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ കാക്കമൂലയിലാണ് സംഭവം. കല്ലുമൂല സ്വദേശി രാജന്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് രാജനെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചുനാളായി വീട്ടുകാരുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു രാജന്‍. കഴിഞ്ഞ മൂന്ന് ദിവസമായി രാജനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് രാജന്‍ താമസിച്ചിരുന്ന വീടിന്റെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. അഗ്നിശമന വിഭാഗം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കാണാതായ ദിവസം തന്നെ രാജന്‍ മരിച്ചതായാണ് കരുതുന്നത്. നേമം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.