29 September, 2025 10:41:33 AM


ഫ്ലാറ്റിൽ തീപിടിത്തം; ടെലിവിഷൻ ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു



കോട്ട: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K