27 September, 2025 12:25:34 PM
വായിൽ കല്ല് നിറച്ച് നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവം; അമ്മയും മുത്തച്ഛനും അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ 15 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അമ്മയും മുത്തച്ഛനും പിടിയിൽ. ചിറ്റോർഗഡ് ജില്ലയിലെ ഭൈൻസ്രോർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അവിവാഹിതയായ 22 കാരിയെയും അവരുടെ പിതാവിനെയും മണ്ഡൽഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ എൻഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുഞ്ഞ് നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിക്കുന്നതായും ആശുപത്രിയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. അരുൺ ഗൗർ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിന്റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിൽ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വായ തുറന്നപ്പോൾ ഒരു കല്ലും കണ്ടെത്തി. കുഞ്ഞ് കരയുന്നത് മറ്റാരും കേൾക്കാതിരിക്കാനാവണം ഇങ്ങനെ ചെയ്തത്. കന്നുകാലിയെ മേയ്ക്കാനെത്തിയ ആളാണ് കുട്ടിയെ ആദ്യം കണ്ടത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.