26 September, 2025 09:26:11 AM
കാസർഗോഡ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കാസർഗോഡ്: ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.