25 September, 2025 08:15:29 PM
'ബേബി ഐ ലവ് യൂ, മുറിയിലേക്ക് വരണം'; വിദ്യാര്‍ഥിനിക്ക് ചൈതന്യാനന്ദയുടെ സന്ദേശം

ന്യൂഡൽഹി: ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും 17 പെൺകുട്ടികളാണ് മൊഴി നൽകിയത്. നിലവിൽ ഇയാള്‍ ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ പോലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യം വിടുന്നത് തടയാന്‍ ലുക്ക്ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ സ്വമേധയാ കേസെടുത്തു.
62 വയസ്സുള്ള ചൈതന്യാനന്ദ സരസ്വതി ആക്ഷേപകരമായ ഭാഷയില്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചതായി 21 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാളുമായി ആദ്യം സംസാരിക്കുന്നത്. അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറായിരുന്നു പ്രതിയെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം വിചിത്രമായി തന്നെ നോക്കിയെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ചില പരിക്കുകളുമായി ബന്ധപ്പെട്ട് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പങ്കിടാന്‍ അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നതായും ചില സമയങ്ങളില്‍ പ്രതി മറുപടി നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു. "ബേബി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നീ വളരെ സുന്ദരിയാണ്", എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പ്രതി അയച്ചതായാണ് വെളിപ്പെടുത്തല്‍. അവളുടെ മുടിയഴകിനെ അയാള്‍ പ്രശംസിച്ചതായും പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഇതിന് മറുപടി അയക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടുള്ള സന്ദേശവും പ്രതി അയച്ചതായാണ് വിവരം.
വിദേശ യാത്രകളില്‍ അയാള്‍ക്കൊപ്പം പോകാനും വിദ്യാര്‍ത്ഥിനികളില്‍ പലരെയും പ്രതി നിര്‍ബന്ധിച്ചു. രാത്രി വൈകിയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ തന്റെ മുറിയിലേക്ക് ഇയാള്‍ ക്ഷണിക്കുന്നതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിരസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും തടഞ്ഞുവെക്കുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഡീന്‍ അസോസിയേറ്റിനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും എഫ്ഐആറിൽ ആരോപണങ്ങളുണ്ട്. സസ്‌പെന്‍ഷന്‍ അടക്കം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഇവര്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥിനിയെ പേര് മാറ്റാന്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. സരസ്വതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും അയാള്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ വിദ്യാര്‍ത്ഥിനികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന മൂന്ന് വാര്‍ഡന്‍മാരെയും എഫ്‌ഐആറില്‍ സഹപ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ആള്‍ദൈവം' എന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ വാട്‌സ് ആപ്പ് കോളുകളിലൂടെയും മെസേജുകളിലൂടെയുമാണ് യുവതികളെ സമീപിച്ചതെന്ന് പൊലീസ് പറയുന്നു. താന്‍ ആഗ്രഹിച്ച രീതിയില്‍ പ്രതികരണം ലഭിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന്ം ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ഈ വിദ്യാര്‍ഥിനികള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ അവരോ കുടുംബങ്ങളോ പ്രതികരിക്കില്ലെന്നുമായിരിക്കാം ഇയാള്‍ കരുതിയതെന്നും പൊലീസ് പറയുന്നു. സ്വാമിയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങണമെന്ന് കോളജിലെ വനിതാ ഫാക്കല്‍റ്റികള്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചിരുന്നതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.