20 September, 2025 04:45:34 PM


തിളച്ച എണ്ണയില്‍ കൈമുക്കി പാതിവ്രത്യം തെളിയിക്കല്‍: യുവതിക്ക് ഗുരുതര പരിക്ക്



അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ആണ് 30 വയസുകാരിക്ക് ഭര്‍തൃവീട്ടിലെ ക്രൂരതയില്‍ ഗുരുതരമായി പരിക്കേറ്റത്. ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ വിജാപൂര്‍ പൊലീസ് കേസെടുത്തു.

ഗുജറാത്തിലെ മെഹ്‌സാന മേഖലയിലെ വിജാപൂര്‍ ഗെരിറ്റ ഗ്രാമത്തില്‍ സെപ്റ്റംബര്‍ 16-നാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേര്‍ എന്നിവരാണ് യുവതിയോട് ക്രൂരത കാട്ടിയത്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നു. ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. തുടര്‍ന്ന് യുവതി എണ്ണയില്‍ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിനേശ് സിങ് ചൗഹാനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംശയം ദൂരീകരിക്കാന്‍ വേണ്ടിയാണ് ജമുനയും ഭര്‍ത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേര്‍ന്ന് യുവതിയെ പരീക്ഷണത്തിന് വിധേയയാക്കിയത്. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K