20 September, 2025 10:12:51 AM
ചവറയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ചവറ: ദേശിയപാതയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ശക്തികുളങ്ങര ശ്രീദേവി നിവാസില്‍ ശ്രീകണ്ഠന്റെയും ശ്രീദേവിയുടെയും മകന്‍ എസ്.ശ്രീജിത്ത് (30) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ താലുക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നീണ്ടകര ഗവ.താലൂക്ക് ആശുപത്രിക്ക് തെക്കുവശത്ത് ആയിരുന്നു അപകടം. ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട മറ്റൊരു സ്‌കൂട്ടറിലെ യാത്രക്കാരായ 2 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കാവനാട് ജംക്ഷനില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരിക ആയിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: അഞ്ജന വിമല്‍. മക്കള്‍: അങ്കിത്,അങ്കിത.