18 September, 2025 04:26:44 PM


മോതിരം വാങ്ങാനെത്തി, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാല കവര്‍ന്നു; യുവതി സിസിടിവിയില്‍ കുടുങ്ങി



കണ്ണൂർ: ജുവലറിയിലെ ജീവനക്കാരെ കബളിപ്പിച്ച് സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമടം നടുവിലത്തറ എൻ ആയിഷയെ (41) മാഹി പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ‌മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജുവലറിയിൽനിന്നു കഴിഞ്ഞ 12നാണ് സ്വർണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വർണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

‌സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരി സ്വർണമോതിരങ്ങൾ കാണിക്കുന്നതിനിടെ മാലകളും വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഉടൻതന്നെ ജീവനക്കാരി മാലകൾ അടങ്ങിയ പെട്ടി ആയിഷയ്ക്ക് മുന്നിൽ വച്ചു. മോതിരങ്ങളും മാലകളും പരിശോധിച്ചെങ്കിലും ഇഷ്ടപ്പെട്ട മോഡൽ കിട്ടിയില്ലെന്ന് ആയിഷ ജീവനക്കാരിയോട് പറഞ്ഞു. തുടർന്ന് ആഭരണങ്ങൾ ഷോക്കേസിൽ വയ്ക്കുന്നതിനായി ജീവനക്കാരി തിരിയുന്നതിനിടെയാണ് ആരുടെയും കണ്ണിൽപ്പെടാതെ മാല അട‌ിച്ചുമാറ്റിയത്.

മറ്റാരും കണ്ടില്ലെങ്കിലും ആയിഷയുടെ തലയ്ക്കുമുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി എല്ലാം കാണുന്നുണ്ടായിരുന്നു. ഇവർ അവർ ശ്രദ്ധിച്ചുമില്ല. മോഷണം നടത്തിയശേഷം തൊട്ടടുത്തുള്ള ജുവലറികളിൽ കൂടുതൽ മോഡൽ ഉണ്ടാവുമോ എന്ന് ജീവനക്കാരിയോട് കുശലാന്വേഷണവും നടത്തിയാണ് ആയിഷ മടങ്ങിയത്.

ജുവലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടിൽനിന്നും യുവതിയെ പിടികൂടിയത്. എന്നാൽ, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജുവലറിയിൽ വിറ്റുവെന്നാണ് ആയിഷ മൊഴി നൽകിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജുവലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാഹി സിഐ പിഎ അനില്‍കുമാര്‍, എസ്‌ഐ. ജയശങ്കര്‍ , ക്രൈം സ്‌ക്വാഡിലെ വളവില്‍ സുരേഷ്, എഎസ് ഐ സിവി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K