18 September, 2025 12:00:17 PM
നടി ദിഷ പഠാനിയുടെ വീടിനു നേരെ ആക്രമണം; പ്രതികള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഗാസിയാബാദ്: നടി ദിഷ പഠാനിയുടെ വീടിനു നേരെ ആക്രമണം നടത്തിയ പ്രതികള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്നാണ് പോലിസിന്റെ വിശദീകരണം. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.
പോലിസ് സംഘത്തിനു നേരെ പ്രതികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന് പോലിസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ അക്രമികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതോടെ ഇവരെ ഉടനെ പോലിസ് കസ്റ്റഡിയില്‍ ചികില്‍സക്കായി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഡല്‍ഹി പോലിസ് സ്‌പെഷല്‍ സെല്ലും യു പിയിലെയും ഹരിയാനയിലെയും പോലിസും ചേര്‍ന്നാണ് പ്രതികളെ വെടിവെച്ച് വീഴ്ത്തിയത്.
സെപ്തംബര്‍ 12നായിരുന്നു ബൈക്കിലെത്തിയ സംഘം യുപിയിലെ ബറേലിയിലെ ദിഷ പഠാനിയുടെ വീടിനു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പോലിസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ താരത്തിന്റെ വീടിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.