16 September, 2025 02:30:51 PM
മത്സ്യബന്ധനത്തിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി; കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: പരപ്പനങ്ങാടിയിൽ ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു. ആലുങ്ങല്‍ ബീച്ച് ട്രാന്‍സ് ഫോര്‍മറിന് സമീപം കുഞ്ഞിപ്പീടിയേക്കല്‍ അശ്‌റഫിന്റെ മകന്‍ സഹീര്‍ (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ മര്‍കബുല്‍ ബുശറ എന്ന ഫൈബര്‍ വള്ളം മല്‍സ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിന്റെ കാലില്‍ റിങ് റോപ്പ് കുരുങ്ങുകയും കടലില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് മുങ്ങിപ്പോയ സഹീറിനെ ഉടന്‍ തന്നെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വര്‍ഷങ്ങളായി മത്സ്യബന്ധനമാണ് സഹീറിന്റെ ഉപജീവന മാര്‍ഗം. മാതാവ് : കുഞ്ഞീബി, സഹോദരങ്ങള്‍: സൈനുല്‍ ആബിദ്, സഹീര്‍, യാസീന്‍. രണ്ടു മക്കളുമുണ്ട്.