22 August, 2025 12:59:39 PM


വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ



കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥീരീകരിച്ചത്. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ സഹോദരനായ എഴു വയസ്സുള്ള കുട്ടി അടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. മലപ്പുറം സ്വദേശിയായ യുവാവിനും കൂടി രോഗം സ്ഥീരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസ്സുകാരിയും വെന്റിലേറ്ററിലാണുള്ളത്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് നടത്തി വരുന്നത്. ജലാശയങ്ങളില്‍ ഉള്‍പ്പെടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919