06 October, 2025 07:49:06 PM


വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്ക് രോഗബാധ



കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യമാണുള്ളത്. 

നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ഏകകോശ ജീവികളായ അമീബകൾ തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അത്യപൂർവവും അതീവ ഗുരുതരവുമായ അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. സാധാരണയായി നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്ന അണുബാധയ്ക്ക് കാരണമാകുന്നത്. 

കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924