13 September, 2025 08:16:53 PM
തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസ്സുള്ള ഒരു വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. രോഗബാധയുടെ കാരണം കണ്ടെത്താൻ നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.