02 June, 2026 10:11:19 AM


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രിക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്ന 61കാരന്റെ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരവസ്ഥ ഉണ്ടായത്. ചികിത്സാപ്പിഴവില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ മുരളീധരനും മെഡിക്കല്‍ കോളേജ് പൊലീസിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ മാസം 28ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന മകളുടെ മകനാണ് രാജേന്ദ്ര പ്രസാദിൻ്റെ കാലിന് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പുഴുവിനെ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

ഡോക്ടറോട് വിവരം പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും വന്ന് നോക്കിയില്ല.വീണ്ടും ചെന്ന് പറഞ്ഞപ്പോൾ പുറത്തു ചെന്ന് മരുന്ന് വാങ്ങിയിട്ട് വരാൻ പറഞ്ഞുവിടുകയും ചെയ്തു. എന്നിട്ടും ആരും വന്നു നോക്കാത്തപ്പോൾ പ്രശ്നം ഉണ്ടാക്കി. ഓപ്പറേഷൻ കഴിഞ്ഞിട്ട് അഞ്ച് ദിവസമായി. പ്രശ്നം ഉണ്ടാക്കിയില്ലായിരുന്നു എങ്കിൽ ഡോക്ടർമാർ വന്ന് നോക്കില്ലായിരുന്നു എന്നും മകൾ കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929