28 April, 2026 01:28:17 PM


പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ അസ്ഥികൂടവുമായി വയോധികന്‍ ബാങ്കിലെത്തി



കിയോഞ്ചാർ: മരിച്ചുപോയ സഹോദരിയുടെ അസ്ഥിക്കൂടവുമായി ബാങ്കിലെത്തി വയോധികന്‍. ഒഡിഷയിലെ കീയോഞ്ചാൽ ജില്ലയിലാണ് സംഭവം. പൊരിവെയിലിൽ മൂന്ന് കിലോമീറ്ററോളം ചുമലിൽ താങ്ങിയാണ് അസ്ഥിക്കൂടവുമായി ജിതു മുണ്ട മല്ലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കിലെത്തിയത്.

രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ ബാക്കി ഉണ്ടായിരുന്ന തുക പിൻവലിക്കാൻ എത്തിയ ജിതു മുണ്ടയ്ക്ക് പണം നൽകാൻ അധികൃതർ ഉപാധികൾ വച്ചതോടെയാണ് മറ്റ് മാർഗമില്ലാതെ അദ്ദേഹം അസ്ഥിക്കൂടവും ചുമന്നെത്തിയത്.

കാക്രയുടെ മകനും ഭർത്താവും മുമ്പേ തന്ന മരിച്ചിരുന്നു. ആകെ ഉണ്ടായിരുന്ന ബന്ധു സഹോദരനായ ജിതുവാണ്. സഹോദരിയുടെ പണം പിൻവലിക്കാൻ എത്തിയ വൃദ്ധനോട് ഒന്നുകിൽ അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കിൽ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകൾ വേണമെന്ന് ബാങ്ക് മാനേജർ ആവശ്യപ്പെട്ടു.

ഗോത്ര വിഭാഗത്തിൽപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ജിതുവിന്റെ കൈയിൽ കാക്രയുടെ മരണ സർട്ടിഫിക്കറ്റോ അവകാശം തെളിയിക്കുന്ന രേഖകളോ ഉണ്ടായിരുന്നില്ല. നിസഹായവസ്ഥയിൽ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് അദ്ദേഹം സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

കാക്രയുടെ അസ്ഥിക്കൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം നടന്ന് വൃദ്ധൻ ബാങ്കിലെത്തിയ കാഴ്ച പലരെയും കണ്ണീരിലാഴ്ത്തി. അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ പലരും പ്രതിഷേധിക്കുകയും ചെയ്തു. ബാങ്കിന് പ്രദേശത്തെ സർപഞ്ചുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ഫീൽഡ് സന്ദർശനം നടത്തിയോ കാര്യങ്ങൾ ഗ്രഹിച്ച് അദ്ദേഹത്തെ സഹായിക്കാമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഒടുവിൽ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത് ബാങ്കിൽ നിന്നും പ്രതികരണം തേടുമെന്ന് പൊലീസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K