26 March, 2026 09:39:54 AM


ഓട്ടോ ഡ്രൈവര്‍ 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന് 60കാരി; ഒടുവില്‍ കള്ളം പൊളിഞ്ഞു



തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി. എന്നാല്‍ 60 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തുക വീടിന്റെ അടുക്കളയില്‍ നിന്നും ഓഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് തന്റെ പണം നഷ്ടമായെന്ന് പറഞ്ഞ് റോഡില്‍ വെച്ച് ബഹളമുണ്ടാക്കിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ചെന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഓമന പറഞ്ഞത്. ഓട്ടോയില്‍നിന്ന് തള്ളിയിട്ടശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞെന്നും ഇവര്‍ പറഞ്ഞു.

സംഭവം നാട്ടുകാര്‍ ആര്യനാട് പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനാണ് പണവുമായെത്തിയതെന്നും ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്ക് ഡ്രൈവര്‍ ആക്രമിച്ച് പണം തട്ടിയെടുത്തെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

എന്നാൽ പൊലീസിന് ഇതിൽ സംശയം തോന്നി. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ പരാതിയില്‍ പറയുന്ന തരത്തിലൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഇവരെ ആര്യനാട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. അന്വേഷണത്തിൽ പൊലീസ് ഈ തുക കണ്ടെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K