31 August, 2025 08:40:26 PM


പിണറായിയെപ്പോലെ നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രി ഇല്ലെങ്കിൽ തുരങ്കപാത യാഥാർത്ഥ്യമാകില്ല- താമരശ്ശേരി ബിഷപ്പ്



കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍. പിണറായിയെപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഇല്ലെങ്കില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന് ബിഷപ്പ് പറഞ്ഞു. തുരങ്കപ്പാത നിര്‍മ്മാണ ഉദ്ഘാടനം ഓണസമ്മാനമാണെന്നും ബിഷപ്പ് പറഞ്ഞു. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ ഉദ്ഘാടന വേദിയിലായിരുന്നു പരാമര്‍ശം.

'യുഡിഎഫ് ഭരണത്തില്‍ തുരങ്കപാതയ്ക്ക് വേണ്ടി ചെറിയ കമ്മിറ്റി ഉണ്ടാക്കി. അന്ന് ആദ്യത്തെ സര്‍വ്വേയ്ക്കുള്ള പണം കെ എം മാണി അനുവദിച്ചു. ഉമ്മന്‍ചാണ്ടിയോടും കെ എം മാണിയോടും കൃതജ്ഞതയുണ്ട്. മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് ഈ പദ്ധതിക്ക് വേണ്ടി ഏറെ പ്രയത്‌നിച്ചു. അദ്ദേഹം തുടങ്ങിവെച്ച പ്രയത്‌നം ഒരടി പിന്നോട്ട് നീങ്ങാതെ ലിന്റോയും കൊണ്ടുപോയി. കപട പ്രകൃതി സ്‌നേഹികള്‍ കേസ് കൊടുത്തു. തുരങ്കം നിര്‍മ്മിക്കുന്നതിനൊപ്പം അവര്‍ക്കും തുരങ്കം വയ്ക്കണം. അവര്‍ എന്‍ജിഒ വഴി ജീവിക്കുന്നവരാണ്', മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു.

പദ്ധതിക്ക് പിന്നില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതിനാലാണ് ഇത് യാഥാര്‍ത്ഥ്യമായതെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ ആവർത്തിച്ചു. വലിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മനസ്സില്‍ ഉറപ്പിച്ചു. തടസ്സങ്ങളെ നിസ്സാരമായി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ബിഷപ്പ് പറഞ്ഞു.

വയനാട് ജനതയുടെ ദീര്‍ഘകാല സ്വപ്‌നത്തിന്റെ സാഫല്യം കൂടിയായി തുരങ്കപാതയുടെ നിര്‍മ്മാണം മാറും എന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇത്. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനവും ഗെയിൽ പദ്ധതിയും സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939