25 August, 2025 11:48:37 AM


വീട് വാടകക്കെടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി പണം തട്ടി; 2 പേർ പിടിയിൽ



കോഴിക്കോട്: കോഴിക്കോട് വാടക വീടുകൾ സ്വന്തമെന്ന് പറഞ്ഞ് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടിയ സ്ത്രീയും സുഹൃത്തും പിടിയിൽ. അശോകപുരം സ്വദേശി കോകിലം ഹൗസില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ഹന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.

വീട് വാടകയ്‌ക്കെടുത്ത് സ്വന്തംവീടാണെന്നുപറഞ്ഞ് പണയത്തിനുനല്‍കി ലക്ഷങ്ങളാണ് പലരിൽ നിന്നും ഇവർ തട്ടിയെടുത്തത്. നടക്കാവ്, ചേവായൂര്‍, എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. പണം നഷ്ടമായ മൂന്നുപേരുടെ പരാതിയില്‍ ഓഗസ്റ്റ് രണ്ടിന് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്.ഇതിൽ ഒരാളുടെ കയ്യിൽ നിന്ന് 25 ലക്ഷം രൂപയും ഒരാളുടെ കയ്യിൽ നിന്ന് 7 ലക്ഷം രൂപയും മറ്റൊരാളുടെ കയ്യിൽനിന്ന് 2.8 ലക്ഷം രൂപയുമാണ് നഷ്ടമായത്.

തട്ടിപ്പ് നടത്തി സംമ്പാദിച്ച പണത്തിന്റെ ഒരുപങ്കില്‍നിന്ന് യഥാര്‍ഥ വീട്ടുടമയ്ക്ക് വീട്ടുവാടകനല്‍കിയിരുന്നു. എന്നാൽ മാസങ്ങള്‍ക്കുശേഷം ഇത് നിലച്ചതോടെ വീട്ടുടമകള്‍ താമസക്കാരോട് വാടകചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.അറുപതിലധികം പേര്‍ക്ക് പണം നഷ്ടമായതായണ് സൂചന.

തട്ടിപ്പിനിരയായവർ കഴിഞ്ഞയാഴ്ച മെര്‍ലിനെ അവര്‍ പാലക്കാട് താമസിക്കുന്ന വീട്ടിലെത്തി കണ്ടപ്പോൾ തന്റെ കോഴിക്കോട്ടുള്ള ഫ്‌ലാറ്റും കാറും വിറ്റ് പിതാവ് പണംതരുമെന്നുപറഞ്ഞ് ഇവരെ മെർലിൻ മടക്കി അയക്കുകയായിരുന്നു. പിന്നീട് മെര്‍ലിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന അശോകപുരത്തെ വീട്ടിൽ തട്ടിപ്പിനിരയായവർ പണം അന്വേഷിച്ച് എത്തിയെങ്കിലും വീട്ടുകാര്‍ കയ്യൊഴിയുകയായിരുന്നു. വീട് നിര്‍മിച്ചുനല്‍കാമെന്നപേരിലും പലരില്‍നിന്നും ഇവർ പണംവാങ്ങിയിട്ടുണ്ട്.പണംവാങ്ങി മൂന്നുവര്‍ഷത്തിലധികമായിട്ടും പല വീടുകളുടെയം പണി ഇതുവരെ തീർന്നിട്ടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958