19 August, 2025 07:12:05 PM
ബ്രേക്ക് നഷ്ടപ്പെട്ട ലോറിയില്‍ നിന്ന് പുറത്തേക്ക് ചാടി; വാഹനം ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കുന്നത്തൊടി ദിനേശൻ(50) ആണ് മരിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഉള്ളവരും രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.