19 August, 2025 09:45:18 AM


കോഴിക്കോട് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിര്‍ത്താതെ പോയ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍



കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് വള്ളിക്കാട് വെച്ചായിരുന്നു കാല്‍നടയാത്രക്കാരന്റെ ജീവനെടുത്ത അപകടം നടന്നത്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളോട് വടകര പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. 

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു വള്ളിക്കാട് പൊലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ച് അമല്‍ കൃഷ്ണയെന്നയാളെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമല്‍ കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. ഏറാമലയില്‍ നിന്നും പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. 500ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെപോയ ഇന്നോവ കാര്‍ പൊലീസ് തിരിച്ചറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K