09 August, 2025 07:36:06 PM
മലപ്പുറത്ത് ലോറിക്ക് പിന്നിൽ മിനിലോറി ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോഴിക്കോട് - തൃശൂർ ദേശീയപാതയില്‍ അപകടം ഉണ്ടായത്.
കല്ലുമായി പോകുന്ന ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.