15 July, 2025 12:42:19 PM


പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ



കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ പ്രതി ഷിബിൻ ലാൽ കുഴിച്ചിട്ടു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പിൽ നിന്ന് പണം പൊലീസ് കണ്ടെടുത്തു. ഷിബിൻ ലാലിന്റെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും പണത്തിനൊപ്പം കണ്ടെത്തി.

ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.

പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ജൂണ്‍ ആദ്യമായിരുന്നു ബാങ്കിൽ നിന്ന് പണം തട്ടിയത്. ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944