08 July, 2025 10:23:25 AM


ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ



കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ, സിപിഒ എന്നിവര്‍ക്ക് എതിരെയാണ് നടപടി. മെയ് 24 നായിരുന്നു ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് ഒരാള്‍ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. 

അന്നേദിവസം രാത്രി പെട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാന തൊഴിലാളി അറിയിച്ചിരുന്നു. എന്നാല്‍ സംഭവ സ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉള്ള പൊലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, സിപിഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി.

മെയ് 24 നായിരുന്നു ബേപ്പൂരിലെ ത്രീ സ്റ്റാര്‍ ലോഡ്ജിൽ കഴുത്തറുത്ത രീതിയിൽ മൃതദേഹം കണ്ടെത്തിയത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന്‍ തലേ ദിവസം രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് സോളമന്‍ ഇറങ്ങിയതെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. അനീഷ് തലേന്ന് രാത്രി തന്നെ ലോഡ്ജില്‍ നിന്നും കൊല്ലത്തേക്ക് പോയെന്ന് ലോഡ്ജ് മുതലാളിയുടെ മകന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926