08 July, 2025 09:02:58 AM
കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം മൂന്നാംദിവസം കണ്ടെത്തി

മലപ്പുറം: നോമ്പു തുറയ്ക്കുള്ള ഭക്ഷണം വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് വരവെ കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരന് വേണ്ടിയുള്ള തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കാണാതായ തലപ്പാറ വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിറി (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 12വരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പൊലീസും ഫയർഫോഴ്സും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിയിട്ടും കണ്ടെത്താനായിരുന്നില്ല. വീതി കുറഞ്ഞതെങ്കിലും തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.