05 July, 2025 09:11:00 AM
36 വർഷം മുൻപ് മറ്റൊരു കൊല കൂടി ചെയ്തെന്ന് മുഹമ്മദലി

കോഴിക്കോട് : 39 വർഷങ്ങൾക്ക് മുമ്പ് ഒരാളെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദലി എന്നൊരാൾ എത്തിയത്. പതിനാലാം വയസിൽ നടത്തിയ കൊലപാതകത്തെ കുറിച്ച് പൊലീസിനോട് ഇയാൾ വെളിപ്പെടുത്തിയത് വലിയ വാർത്തയുമായിരുന്നു. 39 വര്‍ഷം കുറ്റബോധത്തോടെയാണ് ജീവിച്ചതെന്ന് പറഞ്ഞാണ് കുറ്റസമ്മതം നടത്തിയത്.
മലപ്പുറം വേങ്ങര സ്റ്റേഷനിലായിരുന്നു വെളിപ്പെടുത്തൽ. ഇപ്പോഴിതാ, പ്രതി മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തയിരിക്കുകയാണ്. വെള്ളയിൽ ബീച്ചിൽ വെച്ച് 1989ൽ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം. ആദ്യത്തെ കൊലപാതകത്തിന് ശേഷം കോഴിക്കോട് ഹോട്ടലിൽ ജോലിചെയ്തു ജീവിച്ച സമയത്താണ് വീണ്ടും കൊലപാതകം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. അന്ന് മുഹമ്മദലിയുടെ പേര് ആന്റണിയെന്നായിരുന്നു.
കോഴിക്കോട് വച്ച് ഇയാളുടെ പഴ്സ് ഒരാൾ തട്ടിയെടുത്തു. അയാൾ വെള്ളയിൽ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങൾക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞെന്നും തുടർന്ന്, രണ്ടുപേരും ചേർന്ന് അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തർക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാൻ കാലിൽ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാബുവിനെ പിന്നീട് കണ്ടിട്ടില്ലെന്നും മരിച്ചത് ആരെന്ന് അറിയില്ലെന്നുമാണ് മുഹമ്മദല് അലിയുടെ വെളിപ്പെടുത്തൽ.