03 July, 2025 02:45:14 PM
വടകരയില്‍ യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്: വടകരയിൽ വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം. കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദ്ദനമേറ്റു. പ്രതിയെ പിന്നീട് ബലപ്രയോഗത്തിലൂടെ കീഴക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു വില്യാപ്പള്ളി സ്വദേശിനിയായ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.
വടകര ആശുപത്രിയിൽ പോകാനായി ഓട്ടോയിൽ കയറിയ ഇരുവരെയും ഓട്ടോ ഡ്രൈവറായ സജീഷ് വടകര ഭാഗത്തേക്ക് പോവാതെ അപരിചിതമായ ഇടവഴികളിലൂടെ കൊണ്ട് പോവുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ആയഞ്ചേരിയിൽ ആൾ ഒഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ട ശേഷം സജീഷ് കടന്നു കളഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരഞ്ഞ് ഇന്നല രാത്രി കണ്ണൂർ മൊകേരിക്കടുത്ത് ചമ്പാടുള്ള സജീഷിൻ്റെ വീട്ടിൽ എത്തി. പ്രകോപിതനായ പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
ഓട്ടോയുടെ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി യുവതി നല്‍കിയ പരാതിക്ക് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച എസ്‌ഐയുടെ തലക്ക് പരുക്കേറ്റു. എഎസ്‌ഐയെ കടിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോകാനുളള കാരണം വ്യക്തമല്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.