29 June, 2025 05:26:19 PM


കോഴിക്കോട് മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; രണ്ടുപേർ ചികിത്സയിൽ



കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ നെല്ലിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശിയായ എലാഞ്ചർ ആണ് മരിച്ചത്. ഒരു മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തൊഴിലാളിയെ പുറത്തെടുത്തത്. മണ്ണിനടിയിൽ അകപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും മണ്ണിടിഞ്ഞത് പ്രതിസന്ധിയായി. 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. സ്ഥലത്ത് നിർമാണം നടത്തരുതെന്നും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നിർദേശം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിന് മുൻപും സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഫ്‌ളാറ്റിന്റെ നിർമാണമാണ് പ്രദേശത്ത് നടന്നുകൊണ്ടിരുന്നത്.

വീഴ്ചയുണ്ടായവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സമീപവാസികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചതിന് ശേഷം മാത്രമായിരിക്കും മറ്റ് വകുപ്പുകൾ കൂടി ചുമത്തുക. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സ്ഥലത്ത് നിന്ന് മാറ്റി പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927