22 June, 2025 11:24:26 AM
കാറിനകത്ത് പാമ്പ് കയറി; കോഴിക്കോട് യുവാവിന് യാത്രക്കിടെ കടിയേറ്റു

കോഴിക്കോട്: കാറിൽ യാത്ര ചെയ്യവേ 30 കാരനായ യുവാവിന് കാറിനകത്ത് ഒളിച്ചിരുന്ന പാമ്പിൽ നിന്നും കടിയേറ്റു. വയനാട് നിരവിൽപ്പുഴ സ്വദേശിയായ രാജീവനാണ് ചുരുട്ട വർഗ്ഗത്തിൽപ്പെട്ട പാമ്പിന്‍റെ കടിയേറ്റത്. വടകരയിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ കുറ്റ്യാടി ചുരത്തിൽ വെച്ചായിരുന്നു സംഭവം. ഉടൻ തന്നെ രാജീവനെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
കാറിന്‍റെ ഡ്രൈവറായിരുന്ന സുരാജ് ധൈര്യസമേതം കാർ മൂന്നാംകൈയിലെ വർക്ക്ഷോപ്പിൽ എത്തിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പ് പിടുത്തത്തിൽ വിദഗ്ദനായ സുരേന്ദ്രൻ കരിങ്ങാട് കാറിൻ്റെ ബീഡിംഗ് അഴിച്ച് മാറ്റിയാണ് പാമ്പിനെ പിടികൂടിയത്. മഴക്കാലമായതിനാൽ പാമ്പുകൾ വാഹനങ്ങൾക്കകത്ത് കയറിയിരിക്കാൻ സാധ്യത കൂടുതലാണെന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവം. കടിയേറ്റ രാജീവൻ ചികിത്സയിലാണ്.