30 May, 2025 02:52:40 PM
മലപ്പുറത്ത് അരിച്ചാക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടി വീണ് യുവാവ് മരിച്ചു

മലപ്പുറം : അരിച്ചാക്ക് കയറ്റുന്നതിനിടയിൽ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി അജ്നാസ് (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റായിരുന്നു പൊട്ടിവീണത്.
ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അജ്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽ, വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് കബറിസ്താനിൽ കബറടക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു. മാതാവ്: റസിയ. സഹോദരങ്ങൾ: അംജത യാസ്മിൻ, അംന.