20 March, 2026 08:01:51 PM
യുഎസ്-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്‌താവ് കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാനില്‍ യുഎസ്- ഇസ്രയേല്‍ ആക്രമണം ശക്തം. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് (ഐആര്‍ജിസി) വക്താവ് കൊല്ലപ്പെട്ടു. അലി മുഹമ്മദ് നൈനിയാണ് ഇസ്രയേല്‍-അമേരിക്ക സംയുക്ത മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തിലാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്.
യുഎസിനും ഇസ്രയേലിനും എതിരായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വന്ന് മണിക്കൂറുകള്‍ക്കുളളിലാണ് അദ്ദേഹം കൊല്ലപ്പെട്ട വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കിടെ ഇറാനില്‍ കൊല്ലപ്പെടുന്ന സുപ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളാണ് അലി മുഹമ്മദ് നൈനി. അലി ലാരിജാനി, ഘോലംരേസ സുലൈമാന്‍, ഇസ്മയില്‍ ഖാത്തിബ് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
മാർച്ച് പതിനേഴിനാണ് ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടത്. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ പ്രതികരിച്ചത്. ലാരിജാനിയും ബാസിജ് ഫോഴ്‌സിൻ്റെ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിക്കുകയായിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദഗ്ധൻ കൂടിയായിരുന്നു അലി ലാരിജാനി.
ഒരു സൈനിക കമാൻഡറല്ലെങ്കിലും, ഇറാൻ്റെ തന്ത്രപരമായ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ അലി ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷങ്ങളിൽ തീരുമാനം എടുക്കുന്നതിലും അലി ലാരിജാനിക്ക് നിർണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിലും ലാരിജാനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു.



