06 December, 2025 09:10:14 AM
രാമനാഥപുരത്ത് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; 5 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് ശബരിമല തീര്‍ഥാടകര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് സമീപം നിര്‍ത്തി ഉറങ്ങുകയായിരുന്ന തീര്‍ഥാടകരുടെ വാഹനത്തിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ കാറില്‍ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.




