10 December, 2025 07:26:19 PM
മലപ്പുറത്ത് കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

മലപ്പുറം: കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ. മലപ്പുറം തെന്നലയിലെ കൊട്ടിക്കലാശത്തിലാണ് മരം മുറിക്കുന്ന വാളുകളുമായി പ്രവർത്തകർ പ്രകടനം നടത്തിയത്. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവർത്തിപ്പിച്ചായിരുന്നു ഇന്നലത്തെ കൊട്ടിക്കലാശം. തെന്നല പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കൊട്ടിക്കലാശത്തിലാണ് ഭീതിപ്പെടുത്തുന്ന കാഴ്ചയുള്ളത്. കുട്ടികളടക്കം നിരവധി ആളുകൾക്കിടയിലാണ് മരംമുറിക്കുന്ന വാളും യന്ത്രവും അപകടകരമായി ഉപയോഗിച്ചത്.
നടപടിയിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സിപിഎം. കൊട്ടിക്കലാശം കളറാക്കാൻ യുഡിഎഫ് കാണിച്ച അപകടകരമായ പ്രവര്‍ത്തിയാണിതെന്ന് പറയാം. മരം മുറിക്കുമ്പോള്‍ പോലും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ട ഉപകരണമാണ് ഇത്രധിയം ആളുകള്‍ കൂടി നിൽക്കുന്ന സ്ഥലത്ത് അപകടകരമായ രീതിയിൽ പ്രവര്‍ത്തിപ്പിച്ചത്. പ്രവര്‍ത്തിപ്പിക്കുന്ന വാളിന് സമീപത്തുകൂടെ ഒരു കൊച്ചുകുട്ടി നടന്നുപോകുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങളുമുണ്ട്. എന്നാൽ ഈ നടപടിയെ ആരും വിലക്കുന്നില്ല എന്നതും കാണാം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. തീര്‍ത്തും അപക്വമായ പെരുമാറ്റമാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നാണ് ആരോപണം. കൊട്ടിക്കലാശത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കൊട്ടിക്കലാശം കളറാക്കുന്നതിന്റെ ഭാഗമായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.




