03 December, 2025 10:56:27 AM


ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി



ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥി നൽകിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗിൽ നിന്ന് ഇത്തരത്തിൽ വെടിയുണ്ടകള്‍ അധ്യാപകര്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.  വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K