01 December, 2025 07:41:19 AM


ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. അഗ്‌നിരക്ഷാനിലയം ചേര്‍ത്തല ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകന്‍ ഗോകുല്‍ (24), ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെയും തുളസിയുടെയും മകന്‍ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.

സര്‍ക്കാര്‍ ആശുപത്രിക്ക് പടിഞ്ഞാറ് യൂണിയന്‍ ബാങ്കിനു സമീപം ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും തത്ക്ഷണം തന്നെ മരിച്ചു.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ തലയടിച്ചാണ് റോഡിൽ വീണതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948