21 October, 2025 07:15:15 PM
താമരശ്ശേരിയിൽ അറവ് മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധം; കല്ലേറിൽ എസ്പിക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. പ്രതിഷേധക്കാർ പ്ലാന്റിന് തീയിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഫ്രഷ്‌കട്ട് സ്ഥാപനത്തിന്റെ കട്ടിപ്പാറയിലെ മാലിന്യ പ്ലാന്റിനെതിരെയാണ് പ്രതിഷേധം.
കോഴിമാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മാലിന്യ ശേഖരണം നടത്തുന്ന ലോറിയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാർജിൽ സമരക്കാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ കല്ലേറിൽ കോഴിക്കോട് റൂറൽ എസ്പി അടക്കം നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
പ്രതിഷേധക്കാരുടെ കല്ലേറില്‍ താമരശ്ശേപി സിഐ സായൂജ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.