21 October, 2025 10:17:14 AM
ക്ഷേത്ര പരിസരം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ക്ഷേത്രപരിസരം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. പായംപളളി ദേവീക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.ശാന്തയുടെ വീടിന് തൊട്ടടുത്തായിരുന്നു ക്ഷേത്രം. ഇന്ന് രാവിലെ ആറുമണിയോടെ ക്ഷേത്രത്തിലേക്ക് എത്തിയ ശാന്ത ക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരക്കൊമ്പ് പൊട്ടി അവരുടെ ശരീരത്തിലേക്ക് വീണത്.
മരത്തിലെ ചില്ലകളെല്ലാം ഉണങ്ങി നില്‍ക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.