29 September, 2025 07:04:44 PM
കോഴിക്കോട് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കള്ളന്‍ പിടിയില്‍

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. മല്ലിശേറി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം മോഷണം പോയ കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്.
മറ്റൊരു മോഷണശ്രമത്തിനിടെയാണ് അഖിൽ കുടുങ്ങിയത്. കക്കോടിയിൽ പൂട്ടിക്കിടന്ന ഒരു വീട്ടിൽ ഇയാൾ കഴിഞ്ഞ ദിവസം രാത്രി മോഷണത്തിന് ശ്രമിച്ചു. നാട്ടുകാർ വിവരമറിഞ്ഞ് കൂടിയതോടെ ഇയാൾ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഈ സ്കൂട്ടർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പാറക്കുളത്ത് വെച്ച് പിടികൂടുകയായിരുന്നു. അഖിൽ അപ്പോൾ സഞ്ചരിച്ചിരുന്നത് മോഷണ സ്കൂട്ടറിലായിരുന്നു. 14 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് അഖിലെന്ന് പോലീസ് അറിയിച്ചു.