29 January, 2025 09:38:17 AM
പാപം പേറുന്ന അപ്പച്ചനെ പാര്‍ട്ടിക്ക് വേണ്ട; എന്‍ഡി അപ്പച്ചനെതിരെ ഡിസിസി ഓഫീസില്‍ പോസ്റ്റര്‍

കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കും എതിരെയാണ് പോസ്റ്ററുകൾ. 'കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പോസ്റ്ററിൽ പരാമർശം ഇല്ല.
'അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട'- എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
ആത്മഹത്യാ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണൻ എംഎൽഎയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. രണ്ടും മൂന്നും പ്രതികൾ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരാണ്.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിൽ എൻ എം വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു.
നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.




