03 December, 2025 12:52:14 PM
ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്‌ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. സ്വര്‍ണക്കവർച്ച കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, സര്‍ക്കാരിനെ കൂടി കേട്ടശേഷമേ രേഖകള്‍ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും ഹൈക്കോടതി ഇഡിയെ അറിയിച്ചു.
സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇഡി ക്രൈംബ്രാഞ്ച് രേഖകള്‍ ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് എസ്ഐടി കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചത്. ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശമായി പരിശോധിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്‌ഐടി കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് അടച്ചിട്ട കോടതിയിൽ റിപ്പോർട്ട് പരിശോധിച്ചത്. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്‌ഐടിക്ക് ഈ അന്വേഷണവുമായി മുന്നോട്ടുപോകാനാകും. ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിച്ചിരുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു, എ പത്മകുമാര്‍ തുടങ്ങിയവർ അറസ്റ്റിലായിരുന്നു.




