11 November, 2025 05:20:59 PM
ശബരിമല സ്വർണക്കൊള്ള കേസ്: എൻ.വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് എൻ. വാസുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണയായി അന്വേഷണ സംഘം വാസുവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
2019ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പാളികൾ കൊടുത്തുവിട്ടതിൽ എൻ. വാസുവിന് പങ്കുണ്ട് എന്ന കണ്ടെത്തലിൽ വാസുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഈ കേസിലാണ് എൻ. വാസുവിൻ്റെ അറസ്റ്റ് രേഖപ്പെടിത്തിയത്.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ. വാസുവിന്റെ ശുപാർശയിലാണെന്ന് നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു. അന്ന് ദേവസ്വം കമ്മീഷണറായ വാസു ഇത് റിപ്പോർട്ട് ചെയ്യുന്നതിലടക്കം വീഴ്ചപ്പറ്റിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എൻ. വാസുവിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.




