15 September, 2025 09:30:17 AM
യുവാവിന്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മി; ദൃശ്യങ്ങൾ ഫോണിൽ

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തത് പ്രതി രശ്മിയുടെ ഫോണിൽ നിന്ന്. റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിന്നുകളാണ് അടിച്ചത്. ഡംബൽ ഉപയോഗിച്ച് ശരീരത്തിൽ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവ് ജയേഷ് ചിത്രീകരിച്ചു. ശരീരത്തിൽ സ്റ്റേപ്ലർ പിൻ അടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ജയേഷിന്റെ ഫോണിലുണ്ടെന്ന് പൊലീസ്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
സ്വന്തം ഫോണിന്റെ പാസ്സ്‌വേർഡ് പോലീസിന് പറഞ്ഞു നൽകാൻ ജയേഷ് തയാറായിട്ടില്ല. ജയേഷിന്റെ ഫോൺ പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് നിഗമനം. കേസ് കോയിപ്രം പൊലീസിന് കൈമാറിയ ശേഷം ആയിരിക്കും ഇനി തുടർനടപടികൾ. പ്രാഥമിക പരിശോധനയിൽ രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ മാത്രമേ പൊലീസിന് കഴിഞ്ഞുള്ളൂ. ആലപ്പുഴ സ്വദേശിയുടെ ഒപ്പമുള്ളതും റാന്നി സ്വദേശിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദ്ദിച്ചത്. റാന്നി സ്വദേശിയായ യുവാവിനോട് മാരാമണ്‍ എന്ന സ്ഥലത്തേക്ക് എത്താന്‍ ജയേഷ് പറയുകയായിരുന്നു. അവിടെ നിന്നും ബൈക്കില്‍ ജയേഷ് യുവാവിനെ കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് ഈ വീട്ടില്‍ വച്ചായിരുന്നു ക്രൂര മര്‍ദനം. യുവാവിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണും 17,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ദമ്പതികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം പ്രതികൾ ഒരാളെ കൂടി സമാനമായ രീതിയിൽ മർദ്ദിച്ചതായി പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തും. കേസിൽ പരാതിക്കാരുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ ആണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളിൽ യുവദമ്പതികളുടെ ക്രൂരതകൾക്ക് ഇരകളായത്. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂരമർദ്ദനം.