01 September, 2025 09:03:52 AM


ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു; രണ്ടാം പാപ്പാന്‍ ഗുരുതരാവസ്ഥയില്‍



ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.

മദപ്പാടിനെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദര്‍ശനം നടത്തി. ആനയെ തളയ്ക്കാന്‍ ഏത്തിയതായിരുന്നു മുരളീധരന്‍. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയില്‍ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാംപാപ്പാന്‍ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനില്‍കുമാര്‍ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാള്‍ ആനപ്പുറത്തിരുന്നു. ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനില്‍കുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചുതാഴെയിട്ടശേഷം ചവിട്ടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934