29 August, 2025 01:15:35 PM


വ്യാജ തിരിച്ചറിയൽ കാർഡ്; രാഹുലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന



വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്. അടൂരിലെ വീടുകളിലാണ് പരിശോധന. കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. കെഎസ്യു ജില്ലാ സെക്രട്ടറി നൂബിന്‍ ബിനുവിന്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. മറ്റു രണ്ടു പ്രവര്‍ത്തകരുടെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടന്നുണ്ട്.

അതേസമയം, ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിലെടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923