15 August, 2025 09:29:36 AM
ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം. അച്ഛനെയും അമ്മയെയും മകന്‍ കുത്തിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം.
അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ഓടിരക്ഷപ്പെട്ടെങ്കിലും സമീപത്തെ ബാറിൽ നിന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇറച്ചി വെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനു മുൻപും മദ്യപിച്ചെത്തി അച്ഛനെയും അമ്മയെയും ബാബു മർദിച്ചിരുന്നു. മുമ്പ് അമ്മയെയും അച്ഛനെയും മര്‍ദിച്ചപ്പോള്‍ പൊലീസ് ഇടപെടുകയും ബാബുവിന് താക്കീത് നൽകുകയും ചെയ്തു.
കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തുമുമ്പ് ഇയാൾ സ്ഥലം വിട്ടു. പൊലീസ് എത്തിയാണ് രക്തത്തിൽ കുളിച്ചു കിടന്ന ആഗ്നസിനെയും തങ്കരാജിനെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.