09 August, 2025 09:10:32 AM
ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍

ആലപ്പുഴ: നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ഇരുവരും ഒളിവിലായിരുന്നു. അൻസാറിനെ പത്തംതിട്ട ജില്ലയിലെ കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. ഇവരെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ക്രിമിനൽ കേസുകളിലെ പ്രതിയാണ് അൻസാറെന്ന് പൊലീസ് പറഞ്ഞു. ഇവർക്കുവേണ്ടി ഡിവൈഎസ്‌പിയുടെ കീഴിൽ അഞ്ചു പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞ് രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. കുട്ടിയെ മർദിച്ചതു കണ്ടെത്തിയ ബുധനാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ ഒളിവിൽ പോകുകയായിരുന്നു. സംഭവശേഷം ഇവരുടെ ഇരുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ രണ്ടാനമ്മയുടെയും പിതാവിൻറെയും ക്രൂര മർദനമുണ്ടായത്. ആഗസ്റ്റ് 7-ന് കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞിരുന്നു. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദനത്തെപ്പറ്റിയും 'എന്റെ അനുഭവം' എന്ന തലക്കെട്ടിൽ എഴുതിയ കത്തും ബുക്കിൽനിന്ന് ലഭിച്ചിരുന്നു.
തുടർന്ന് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അധ്യാപകർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്കൂളിലേക്കു വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരുടെ മൊഴിയെടുത്ത് പൊലീസ് കേസെടുത്തു. കുട്ടിക്ക് ചികിത്സ നൽകാൻ നിർദേശിക്കുകയും ചെയ്തു.
കുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോൾ മാതാവ് മരിച്ചിരുന്നു. തുടർന്നാണ് പിതാവ് രണ്ടാംവിവാഹം കഴിച്ചത്. ഒരുമാസം മുൻപും രണ്ടാനമ്മ ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി പറയുന്നു. കുട്ടിയെഴുതിയ കത്തിൽ ഇതെല്ലാം വിവരിച്ചിരുന്നു.