08 August, 2025 01:04:22 PM
ആലപ്പുഴയില്‍ 500ലധികം താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

ആലപ്പുഴ: മാന്നാര്‍ ചെന്നിത്തലയില്‍ തെരുവുനായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബിന്‍ ഫിലിപ്പിന്റെ ഫാമിലെ അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊന്നത്. എട്ടു മാസം പ്രായമുള്ളതും മുട്ട ഇട്ടു തുടങ്ങിയതുമായ താറാവുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.
മുട്ടകള്‍ ശേഖരിക്കാന്‍ ഇന്നലെ പുലര്‍ച്ചയോടെ ഷെഡില്‍ എത്തിയപ്പോഴാണ് ഷോബിന്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു കിടക്കുന്നത് കാണുന്നത്. പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിരുന്ന വലിയ ഷെഡില്‍ ഉണ്ടായിരുന്ന എണ്ണൂറോളം താറാവുകളില്‍ അവശേഷിച്ചത് അര്‍ദ്ധ പ്രാണരായ ഏതാനും താറാവുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ ഡിസംമ്പറില്‍ മുട്ട വിരിക്കുന്ന യന്ത്രത്തില്‍ വിരിയിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകളും തീറ്റയും നല്‍കി വളര്‍ത്തി വലുതാക്കിയ മുട്ടത്താറാവുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.